warning high voltage



അവൾ ഒരു കൊച്ചു പെൺകുട്ടിയാണ് .
ചാക്ക് ചരടിൽ നായക്കുട്ടിയെ 
കെട്ടിവലിച്ചുകൊണ്ടവൾ നടന്നു.
എല്ലാവരും അത് കണ്ടു ചിരിച്ചു.
ഞാനും ചിരിക്കാതിരുന്നില്ല .

അവൾ കുറച്ചു വലിയ പെൺകുട്ടിയാണ് .
ചാക്ക് വിരിച്ച തറയിൽ നിന്ന് 
വാടക വീട്ടിലേക്കു താമസം മാറി 
തറവാട് ആളുകൊണ്ടും പണം കൊണ്ടും 
വലുതായപ്പോൾ 
ചെറിയ ഒരു വാടക വീട്ടിലേക്കു 
വഴക്ക് കൊണ്ടും അകലംകൊണ്ടും 
മൗനംകൊണ്ടും മാറേണ്ടിവന്നു.
ആള്പെരുമാറ്റം കുറഞ്ഞ വീട്ടിൽ 
ഭീതി ചങ്ങലക്കിടാത്ത നായയെപ്പോലെ 
കറങ്ങി നടന്നു.
അവൾ മെലിഞ്ഞു 
ഉണങ്ങിപ്പോയി 
അവളെ ആരും ശ്രദ്ധിച്ചില്ല , ഞാനും.

ആ നാട്ടിലൊരു പൊട്ടിത്തെറി ആദ്യമായിട്ടാണ് 
പൊട്ടിത്തെറിച്ചത് അവളാണ് 
ഏറുകൊണ്ട പട്ടിയെപ്പോലെ നിന്ന് മോങ്ങുന്നു 
പേപിടിച്ച ചെന്നായയെപ്പോലെ കുരക്കുന്നു.
അവളുടെ വീട് നിന്ന് കത്തുന്നു.
അവളുടെ തന്തയെ പോലീസു കൊണ്ടുപോകുന്നു.
കണ്ണീരുകൊണ്ട് ആ നാടും 
വെള്ളം കൊണ്ട് ആ വീടും കുതിർന്നു.
പുകയുന്നു.

ഇപ്പോൾ 
അവൾ ആ പഴയ കുട്ടിയല്ല,
അവൾ ആ നാട്ടുകാരിയെ അല്ല 
അവളെ എല്ലാരും മറന്നു , ചുരുക്കം ചിലർ ഒഴികെ 
ഓർത്തവരെല്ലാം പിന്നീട് പലപ്പോഴായി 
പൊട്ടിത്തെറിച്ചു.

Comments