Horn please
ഹോൺ പ്ലീസ്...
എവിടെ നിന്നാണ് ഇത്രയും പേർ എനിക്കു മുന്നെ എത്തിയത്!
ഞാനും നേരത്തെ ഏണിറ്റു
പതിവു പോലെ ഒരുങ്ങി
മുടി ചീകാറില്ല , മുഖത്തൊന്നും പുരട്ടാറില്ല,
കണ്ണാടികൂടി നോക്കാറില്ല ,
എന്നിട്ടും എവിടെയാണ് അല്പം താമസിച്ചത്!
വഴിയിൽ
നടത്തത്തിന് വേഗതകുറഞ്ഞിട്ടില്ല,
വായ നോക്കി നിന്നിട്ടില്ല,
കാപ്പികുടിച്ചില്ല, പുകയെടുത്തില്ല,
എന്നാലും,
ഇനി വണ്ടി നേരം തെറ്റിയതാണോ?
പള്ളിക്കു മുന്നിൽ,
കർത്താവിന്റെ കിടപ്പു കണ്ടപ്പോൾ
ഒന്നു കുരിശു വരച്ചു,
കാറ്റത്തു കെട്ടുപോകണ്ടന്നു കരുതി
മെഴുതിരിക്കാലിനു മറനിന്നു
പൂരം കഴിഞ്ഞ്
ലോറി സവാരി നടത്തുന്ന ആനക്ക് കൈ കാണിച്ചു,
ഓഫീസിലേക്ക് കയറുംമുൻപ്
വാച്ച്മേൻ തന്ന പൊരിയും പായസവും
വാങ്ങി ബാഗിലിട്ടു,
വരാന്ത മുഴുവൻ
തൂത്ത്, തുടച്ച് വെടുപ്പാക്കി ഇട്ടിരുന്നതുകൊണ്ട്
വഴുക്കി വിഴാതിരിക്കാൻ,
ചെരുപ്പിന്റെ സീലു പതിയാതിരിക്കാൻ
ഓരംപ്പറ്റി നടന്നു.
കർത്താവിനെ കണ്ടാൽ ആരും
കുരിശു വരച്ചുപോകും,
ആനയെ കണ്ടാൽ
നോക്കാത്തവരുണ്ടോ!
സ്നേഹം കൊണ്ടാരാൾ
ഒരുകവിൾ പായസം നീട്ടുമ്പോൾ
സമയമിലെന്നു എങ്ങനെ പറയും!
നേരത്തെത്തി ഇരുന്നു മുഷിഞ്ഞവർ
പാഞ്ഞെത്തി ആധിപത്യം സ്ഥാപിച്ചു.
ഒരു കണക്കിന് കാറാണു നല്ലത്,
വഴി നീളെ ഹോൺ അടിച്ചാൽ മതിയല്ലോ!.


Comments
Post a Comment