ശരാശരി%
ഊണ് കഴിക്കുമ്പോൾ ടി വി കാണുന്നത്,
ദുഃശീലമായിപ്പോയി.
മറ്റൊന്നിലും താത്പര്യമില്ലാത്ത
മടിയനായ ശരാശരി ഇന്ത്യക്കാരൻ
ഞാൻ,
'അമ്മ വിളമ്പിത്തരുന്ന ഉച്ചയൂണ്.
പുണ്യം നിറഞ്ഞൊരാൾ വച്ചുപോയ
അല്പം ഉപ്പിട്ട പഴങ്കഞ്ഞിപ്പോലും
എന്തൊരു രുചിയായിരുന്നെന്ന്
ഒറ്റക്ക് ഒറ്റ മുറി, അടുക്കളയിൽ
കൈപൊള്ളികരുവാളിച്ചപ്പോൾ
മനസ്സിലായി.
തുടക്കക്കാരന്റെ കവിതപോലെ
വികൃതമായ പദാവലി,
ഉപ്പില്ല മുളകില്ലാ, ഉള്ളത്
കാണാനുള്ള ഭംഗി മാത്രം.
പൊടുന്നനെ, വന്ന വാർത്തയിൽ
ഇന്ത്യൻ കർഷകൻ പാടത്ത്
ഒരു തണൽ മരത്തിൻറെ ചില്ലയിൽ
തൂങ്ങിയാടുന്നു.
മൂർച്ചയുള്ള അരിവാൾ പോലെ
അദ്ദേഹത്തിന്റെ നിഴൽ
അങ്ങോട്ടും ഇങ്ങോട്ടും
മുറിയിലാകെ വീശുന്നു.
തൊണ്ടയിൽ കുരുങ്ങിപ്പോയി
ഒരു ഉരുളചോറ് ,
ആ സാധു സ്ത്രീയുടെ കണ്ണിരിലുണ്ട്
മരണത്തോളം നിഷ്കളങ്കമായ ദുഃഖമില്ലെന്ന
യാഥാർഥ്യം.
ഒരു കവിൾ വെള്ളം കുടിച്ചതിനിടയിൽ
കുത്തിയൊലിച്ചുപ്പോയി
ഒത്തിരി പരസ്യങ്ങൾ.
അതിലൊഴുകിപ്പോയി ആ വാർത്തയും,
പക്ഷെ, ഞാൻ അവിടെത്തന്നെ
നിൽക്കുന്നു, പാടത്ത് , വെയിലത്ത്
കണ്ണീരിന്റെ വക്കത്ത്.


Comments
Post a Comment