കലണ്ടർ



എല്ലാം മറന്നുപോകുന്നൊരു രോഗി 

എന്നും കലണ്ടർ നോക്കുന്നു.


കറുത്ത ഉടുപ്പിട്ട അക്കങ്ങൾ 

കരിങ്കല്ലുപോലെ ഉറച്ചു നിൽക്കുന്നു 

ഉടച്ചു പൊട്ടിക്കാനാകുന്നില്ല,

അടഞ്ഞുപോയ ഓർമ്മകളുടെ 

തുരങ്കവാതിൽ.


കണ്ണ് കലങ്ങി തപ്പിത്തടയുന്നു 

ചുവന്ന ഒഴിവുദിവസങ്ങളിൽ. 


ഒന്നോർത്താൽ ഞാനും 

പലതും മറന്നുപോയി.


ഒറ്റ ഒഴിവുകൊണ്ടുമാത്രം 

ഓർമ്മിച്ചെടുക്കാനാകുന്നില്ല 

ചോരവീണുച്ചുമന്നുപോയ 

ഒഴിവുദിനങ്ങൾ.


ചരിത്രത്തിന്  ഇനിയൊരു 

നല്ല രാശിയില്ല, ഓർമ്മകൾക്കും.

കച്ചവടത്തിന്റ കറുത്തവാവുകൾ 

കരി കോരിയൊഴിക്കുന്നു 

എൻ്റെ ചുവന്ന  ദിനങ്ങളിൽ.


ഒടുവിൽ ഞാനും അയാളെപ്പോലെ 

വന്നത് എന്തിനെന്നു 

ഓർക്കാൻ ശ്രമിക്കുന്നു.










Comments