പാതി മുറി












പാതി മുറി


കതകൊന്നു തുറന്ന്‌

അകത്തേക്കു കടന്നാൽ

വലത്തേക്ക് ഞാൻ നോക്കാറില്ല


കട്ടിക്കടലാസുകൊണ്ട് കറുപ്പിച്ച

 തുറക്കാത്ത ജനാലക്കു താഴെ 

പെട്ടികള് അട്ടിയിട്ടുകൊണ്ട് ഒപ്പിച്ച 

താഴിലാത്ത മേശയ്ക്ക് മുകളിൽ 

കുപ്പായങ്ങൾ തൂക്കിയിടാനൊരിടമുണ്ട്.


രണ്ടു ജോഡി യൂണിഫോം ,

രണ്ടു മുണ്ട് , മൂന്നാലു ഷർട്ട് 

മാസത്തിലവസാനം വെള്ളിയാഴ്ച 

പുറത്തേക്കിറങ്ങാനൊരു ജോഡി.

നാലഞ്ചുകൊളുത്തുകളിൽ 

ഒതുങ്ങിപ്പോയൊരു ജീവിതം.


ഇരുമ്പ് കട്ടിലിൽ, 

 കല്ലായ പഞ്ഞി കിടക്കയിൽ

ദേഹം ഉറങ്ങാനിട്ടു.


ഇവിടം മാത്രമല്ല,

എൻറെ  സ്വപ്നങ്ങളിലും 

പൊടിക്കാറ്റ് വീശുന്നുണ്ട്,

ഞാനെവിടേക്കോ വറ്റിവരണ്ടു പോകുന്നു,

ചിന്തകളിലും മരുഭൂമി പരന്നു കിടക്കുന്നു.


 തലപൊക്കി ഞാൻ നോക്കാറില്ല,

വില കൂടിയ ഒഴിഞ്ഞ കസേരകളിൽ 

ഞാനിരിക്കാറില്ല.


അതിഥികളും ആൾക്കൂട്ടവും 

ഇറങ്ങിപ്പോയ സൽക്കാര മുറ്റത്തും 

പരിമിതികളുടെ പാതിമുറി 

പങ്കിടിന്നു ഞാൻ.




Comments