തിരുവനന്തപുരത്തേക്കുള്ള വഴികൾ

തലസ്ഥാനത്തെ വഴികളെല്ലാം
പേരുകേട്ടതാണ്.
അതിരാവിലെ,
മഴയത്ത്
ബസ്റ്റോപ്പിൽ
കോൺട്രാക്ടറുടെ വണ്ടി
കാത്തു നിന്നപ്പോൾ,
ഈയിടെ, മരിച്ച
രണ്ടു റിപ്പോർട്ടർമാർ
കയറി വന്നു.
പിറകിലെ ഉറപ്പിച്ചൊന്നിരിക്കാൻ
പറ്റാത്ത ബെഞ്ചിൽ
പതിവുകാരെപ്പോലെ വന്നിരുന്നു.
അവരുടെ വർത്തമാനം
ഞാൻ ശ്രദ്ധിച്ചു!
നീണ്ടൊരു ചിരിയോടുകൂടിയാണ്
തുടങ്ങിയത്.
മരിച്ചവരുടെ ഫലിതം
എനിയ്ക്കു മനസിലായില്ല .
എതിരെപ്പോയൊരു ആനവണ്ടി -
നെറ്റിപ്പട്ടംപോലെ പരസ്യം .
ഒരാൾ
അതിലേക്ക് തറപ്പിച്ചു
നോക്കുന്നുണ്ടായിരുന്നു .
യാത്രക്കാർ ,
തലങ്ങും വിലങ്ങും ജോലിക്കാർ,
നനഞ്ഞു,
ചൂട് ചായ മോന്തി പണിക്കാർ
പരേതരെ ആരും ശ്രദ്ധിച്ചില്ല .
ഒടുവിൽ
അവർ എണിറ്റു പോകുമ്പോൾ
പോക്കറ്റ് തപ്പിക്കൊണ്ടിരുന്നു!
വണ്ടിയിടിച്ചു,
(ഇടിപ്പിച്ചതായിരിക്കാം)
നടുറോഡിൽ, കിടന്നുരുണ്ടപ്പോൾ
ആരാണ്
കീശയിലൊളിപ്പിച്ചു
വച്ച സത്യം പോക്കറ്റടിച്ചത്?
വളഞ്ഞ വഴിയിൽ
നഗരമധ്യത്തിൽ എത്തിയ
രണ്ടുപേരെ പറ്റി
നീണ്ട റിപ്പോർട്ട് ഉണ്ടായിരുന്നു.
പിരിയുംമുമ്പേ അവർ ,
തിരുവനന്തപുരത്തേക്കുള്ള
എളുപ്പവഴികളെപ്പറ്റി
പറഞ്ഞുകൊണ്ടിരുന്നു.

Comments