വാനരൻ
# മീറ്റർ
ഇഞ്ചോട് ഇഞ്ചു
അടി, മീറ്റർ
സെന്റിമീറ്റർ.
നീണ്ട ചേട്ടൻ വരകൾ
കൃത്യം അകലം പാലിച്ചു
കുഞ്ഞനിയൻ വരകൾ.
ഉരുട്ടിക്കയറ്റിയ റെയിൽ പാളം.
മേസ്ത്രി ചുവയിൽ
എല്ലാം കിറു കൃത്യം .
# കണ്ണ്
ഒരു മീറ്ററാണ്.
നോട്ടങ്ങൾ ഇഴഞ്ഞുവരുന്നത്
അളന്നുനോക്കി തിരികെപ്പോകാനാണെന്നു
ഒരിക്കൽ , ഞാനറിഞ്ഞു .
എനിയ്ക് താടിയുണ്ട് -
കണ്ണിൻറെ അടിത്തട്ട് വരെ
കയറികിടക്കുന്നു.
പണ്ട് കാട്ടിലായിരുന്നു
മുതുമുത്തച്ഛൻമാർ .
മുടിചീകി നേരം കളയാറില്ല-
കൊഴിഞ്ഞുവീണവ
എണ്ണാറില്ല.
അങ്ങനെ -ഇങ്ങനെ
കേറിയിറങ്ങി പല്ലുകൾ .
# ഇടവേള
തുടക്കവും ഒടുക്കവും
അടയാളപ്പെടുത്തിയ
ഒരിടവേളയിൽ,
പണിക്കിടയിൽ
ചൂട് ചായ ഊതിക്കൊണ്ടിരുന്നപ്പോൾ
അവിചാരിതമായി
മുന്നിലുള്ളവർ എണ്ണീറ്റുപോയി!
പിറകെ ,
നങ്കുരമിട്ട കൊളുത്തുകൾ
ഒച്ചവെച്ചു കൺപോളകളിൽ
തിരിച്ചിടിച്ചതും കണ്ടു.
മഴയത്തു മൺകൂന
കുതിർന്ന് താണു .
ആ സമയത്തു
മുഖം ഉടുപ്പിനുള്ളിലേക്ക്
ഊർന്ന് വീണു.
ഒരു തരത്തിൽ ,
തേട്ടി വന്ന കണ്ണീരും തെറിയും
മറച്ചുപിടിച്ചതാകാം .
അളന്നു നോക്കി,
തൂക്കി വിൽക്കാൻ ഒരു ജീവിതം!
ഞായറാഴ്ച്ചചന്തയിൽ,
ആൾത്തിരക്കിൽ ,
പച്ചമാംസങ്ങളുടെ ചോരമണത്തിൽ
എവിടെയോ ഒരു കൊളുത്ത്
എനിക്കുവേണ്ടി ഒരുങ്ങുന്നു.
തോന്നലാണോ ?
# മഞ്ഞ
ഒന്ന്, രണ്ട് , എലികൾ
തിരക്കിട്ടോടും വഴി
എന്നെ മാത്രം തിരിഞ്ഞുനോക്കി.
കൂട്ടത്തിൽ ഒരുവനെപ്പോലെ!
(ഇനി കാണുന്നതെലാം
മഞ്ഞയാകുമോ ?)
അവർക്കു പിറകെ ,
ഇരുട്ട് പറ്റിയ,പൊളിഞ്ഞ ഇടങ്ങളിൽ
മണ്ണിലേക്ക്
താഴുന്ന തുരങ്കം നോക്കി
ഞാൻ ഇഴഞ്ഞു-കാൽപ്പാടുകൾ
വീഴ്ത്താതെ.
അടിത്തട്ടിൽ ,
കാരണവന്മാർ ഉറങ്ങിക്കിടക്കുന്ന
മണ്ണിൽ ,കമഴ്ന്നുകിടന്നു.
വേച്ചു വേച്ചു വന്ന
മൂത്തുനരച്ച ഒരില
കണ്ണുനീർ തേവിയെടുത്തു.
- സി. എസ്.


Comments
Post a Comment